കെഎസ്ആർടിസി സിംഗിൾ ഡ്യൂട്ടി ഇന്ന് മുതൽ പ്രാബല്യത്തിൽ
Saturday, October 1, 2022 11:01 AM IST
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സന്പ്രദായം ഇന്നാരംഭിക്കും. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുക. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായം കൂടി കേട്ട ശേഷമാണ് ഇന്ന് പാറശാല ഡിപ്പോയിൽ മാത്രം നടപ്പിലാക്കാൻ തീരുമാനിച്ചത്.
എട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. എട്ട് മണിക്കൂറിൽ അധികം വരുന്ന തൊഴിൽ സമയത്തിന് രണ്ട് മണിക്കൂർ വരെ അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ ഇരട്ടി വേതനം നൽകുമെന്നാണ് മാനേജ്മെന്റ് പറയുന്നത്.