കരുവന്നൂർ തട്ടിപ്പ് കേസ്: പി. ആർ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
വെബ് ഡെസ്ക്
Saturday, September 30, 2023 8:52 PM IST
കൊച്ചി: കരുവന്നൂർ തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ പത്തിലേക്ക് മാറ്റി. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
ബാങ്കിന്റെ മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസ് ഇന്ന് ജാമ്യാപേക്ഷ നൽകിയിരുന്നു. രണ്ടുപേരുടെയും ജാമ്യാപേക്ഷയിൽ കോടതി ഒരുമിച്ച് വാദം കേൾക്കും.
കേസിൽ പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേർക്കപ്പെട്ടതെന്നുമാണ് അരവിന്ദാക്ഷന്റെ വാദം. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിൽ ജുഡീഷ്യൽ കസ്റ്റഡി ആവശ്യമില്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
എന്നാൽ കേസിൽ അരവിന്ദാക്ഷനും ജിൽസിനും കൃത്യമായ പങ്കുണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിലപാട്. കേസിലെ ഒന്നാംപ്രതി പി. സതീഷ് കുമാറിന്റ് ബെനാമിയാണ് അരവിന്ദാക്ഷൻ എന്നാണ് ഇഡി സംശയിക്കുന്നത്.
ഇത് സംബന്ധിച്ച സത്യവാംഗ്മൂലം ഇഡി കോടതിയിൽ നൽകും. വിശദമായ വാദം കേട്ട ശേഷമാകും ജാമ്യാപേക്ഷയിൽ പ്രത്യേക സിബിഐ കോടതി ജാമ്യപേക്ഷയിൽ തീരുമാനമെടുക്കുക.
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണൻ ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എന്നാൽ ശരീരത്തിന് വിറയലുണ്ടെന്ന് പറഞ്ഞ് കണ്ണൻ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി എന്ന് ഇഡി അറിയിച്ചു.
അതേസമയം, തനിക്ക് ഒരു ആരോഗ്യപ്രശ്നവുമില്ലെന്നാണ് ഇഡി ഓഫീസിൽനിന്ന് പുറത്തുവന്ന കണ്ണൻ പ്രതികരിച്ചത്. ഇഡിയുടെ പെരുമാറ്റം സൗഹാർദപരമായിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടാൽ എത്തുമെന്നും കണ്ണൻ പറഞ്ഞു.