കോഴിക്കോട് ലോ കോളജിലെ സംഘര്‍ഷം: ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
Thursday, December 7, 2023 8:55 AM IST
കോഴിക്കോട്: കോഴിക്കോട് ലോ കോളജില്‍ കെഎസ്യുക്കാരനെ മര്‍ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. ശ്യാം കാര്‍ത്തിക്ക്, റിത്തിക്ക്, അബിന്‍ രാജ്, ഇനോഷ്, ഇസ്മായില്‍, യോഗേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.
വധശ്രമം, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ചേവായൂര്‍ പൊലീസാണ് കേസെടുത്തത്. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
കെഎസ്യു പ്രവര്‍ത്തകനായ സഞ്ജയെ ക്ലാസില്‍നിന്ന് വലിച്ചിറക്കിയ ശേഷം ആക്രമിക്കുകയായിരുന്നു. ഇയാളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച മറ്റൊരു കെഎസ്യു പ്രവര്‍ത്തകനും മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോളജില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്യു അറിയിച്ചു.