പുലിയെ കിണറ്റിൽ നിന്നെടുക്കാൻ ശ്രമം തുടങ്ങി; മയക്കുവെടിവയ്ക്കാൻ അനുമതി തേടി
Wednesday, November 29, 2023 2:01 PM IST
കണ്ണൂർ: കിണറ്റിൽ വീണ പുലിയെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചൊക്ലി പോലീസ്, പാനൂർ ഫയർഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി.
കനകമലയിൽനിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പൊതുവെ വന്യമൃഗങ്ങൾ കാണാത്ത പ്രദേശത്ത് പുലിയിറങ്ങിയ ഭീതിയിലാണ് നാട്ടുകാർ.
പുലിയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചീഫ് വൈൽഡ് ലൈഫ് ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചയുടൻ ഡിഎഫ്ഒയുടെ നേതൃത്വത്തിൽ പുലിയെ പുറത്തെത്തിക്കും. കിണറ്റിൽ വെള്ളം കുറവായതിനാൽ പുലിക്ക് നിൽക്കാൻ പറ്റുന്ന സ്ഥിതിയാണ്. മറ്റ് പരിക്കുകളൊന്നും ഇല്ലെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
കണ്ണൂർ പെരിങ്ങത്തൂരിലെ മാക്കാണ്ടിപീടികയിൽ നിർമാണത്തിലിരുന്ന മലാൽ സുരേഷിന്റെ വീടിന് സമീപത്തെ കിണറ്റിലാണ് പുലി വീണത്. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ പുലിയാണെന്ന് തിരിച്ചറിഞ്ഞത്.