മണിപ്പൂരിൽ ആംബുലൻസിന് തീയിട്ടു; അമ്മയും മകനുമുൾപ്പെടെ മൂന്നു പേർ വെന്തുമരിച്ചു
Wednesday, June 7, 2023 10:57 PM IST
ഇംഫാൽ: കലാപം രൂക്ഷമായ മണിപ്പൂരിൽ അക്രമികൾ ആംബുലൻസിന് തീയിട്ട് യുവതിയും മകനുമുൾപ്പെടെ മൂന്നു പേർ വെന്തുമരിച്ചു. പരിക്കേറ്റ എട്ടുവയസുകാരനുമായി പോകുകയായിരുന്ന ആംബുലൻസിനാണ് അക്രമികൾ തീയിട്ടത്.
കുട്ടിയും അമ്മയും ഇവരുടെ ബന്ധുവായ സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം വെസ്റ്റ് ഇംഫാൽ ജില്ലയിലെ ഐറോയിസെംബയിലായിരുന്നു സംഭവം. തലയ്ക്ക് വെടിയേറ്റ കുട്ടിയെ അമ്മയും ബന്ധുവും ചേർന്ന് ഇംഫാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ടോൺസിംഗിന്റെ പിതാവ് ഗോത്രവർഗക്കാരനാണ്. അമ്മ മീന മീതേയ് വിഭാഗക്കാരിയാണ്. ഇവർ കാംഗ്ചുപ്പിലെ അസം റൈഫിൾസിന്റെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുകയായിരുന്നു. പ്രദേശത്ത് ഞായറാഴ്ച ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പുണ്ടായി.
ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു. അമ്മ ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട ആളായതിനാൽ കുട്ടിയെ റോഡ് മാർഗം ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിക്കാൻ തീരുമാനിച്ചു. ഏതാനും കിലോമീറ്റർ ആസാം റൗഫിൾസ് ആംബുലൻസിന് സുരക്ഷയൊരുക്കി ഒപ്പം സഞ്ചരിച്ചു. പിന്നീട് ലോക്കൽ പോലീസ് ഏറ്റെടുത്തു.
വൈകുന്നേരം 6.30 ഓടെ ഐറോയിസെംബയിൽ ആംബുലൻസ് നാട്ടുകാർ തടയുകയും തീയിടുകയും ചെയ്തു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേരും മരിച്ചു. മൃതദേഹങ്ങൾ എവിടെയാണെന്ന് ഇപ്പോഴും പോലീസിന് അറിയില്ല.