അടുത്ത 25 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു; മോദി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗം ചേർന്നു
Sunday, March 3, 2024 9:13 PM IST
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം ചേർന്നു. അടുത്ത 25 വർഷത്തേക്കുള്ള പദ്ധതികൾ മന്ത്രിസഭായോഗത്തിൽ ചർച്ചചെയ്തതായി റിപ്പോർട്ടുകളുണ്ട്. എട്ടു മണിക്കൂറോളമാണ് മന്ത്രിസഭാ യോഗം നീണ്ടുനിന്നത്.
മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ നൂറു ദിവസത്തിനുള്ളിൽ അതിവേഗം നടപ്പാക്കാനുള്ള പദ്ധതികളും ചർച്ചചെയ്തു. മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിൽ പ്രധാനമന്ത്രി ഒരു മണിക്കൂറോളം സംസാരിച്ചു.
രണ്ടായിരത്തി എഴുന്നൂറോളം യോഗങ്ങൾ നടത്തി വികസിത് ഭാരതിനുള്ള രേഖ തയാറാക്കിയെന്ന് മന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 2021 ഡിസംബർ മുതൽ 2024 ജനുവരി വരെയാണ് യോഗങ്ങൾ നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി അടുത്ത അഞ്ചു വർഷത്തേക്കുള്ള പദ്ധതികളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും മോദി പറഞ്ഞു.