മൂന്നാം സീറ്റ് വിവാദം: ലീഗിലെ അസംതൃപ്തരെ ഒപ്പം കൂട്ടാന്‍ സിപിഎം
Thursday, February 29, 2024 8:40 PM IST
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് നഷ്ടം ലോക്സഭാ തെരഞ്ഞെടുപ്പിൽ മലബാറില്‍ പ്രചാരണ ആയുധമാക്കാന്‍ സിപിഎം. രാജ്യസഭാ സീറ്റ് നല്കി ലീഗിനെ ഒതുക്കുകയായിരുന്നുവെന്നും സീറ്റ് വിഭജനത്തില്‍ കാലാകാലങ്ങളായി ലീഗിനെ കോണ്‍ഗ്രസ് കബളിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് സിപിഎം വാദം.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ആലോചനയനുസരിച്ചാണ് ലീഗ് വിഷയത്തിൽ പ്രധാന സിപിഎം നേതാക്കളെല്ലാം പ്രതികരിക്കുന്നത്. യുഡിഎഫ് വിടണമെന്ന് ആഗ്രഹിക്കുന്ന ലീഗ് നേതാക്കളുടെയും പ്രവർത്തകരുടെയും പിന്തുണ നേടുക എന്നതാണു ലക്ഷ്യം.
ലീഗില്‍നിന്നു ചോരാന്‍ ഇടയുള്ള മുഴുവന്‍ വോട്ടുകളും സമാഹരിക്കാനാണ് ലീഗ് മുന്‍ നേതാവും സമസ്തയുമായി ഏറെ അടുപ്പമുള്ള നേതാവുമായ കെ.എസ്. ഹംസയെ സ്ഥാനാര്‍ഥിയാക്കിയതെന്നും വിലയിരുത്തുന്നു. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മലബാറില്‍ മുസ്ലിം സമുദായം വലിയതോതിൽ സിപിഎമ്മിന് പിന്നിൽ നിന്നെന്നു പാർട്ടി കരുതുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി സ്ഥാനാർഥിത്വം നിഷേധിച്ചതിൽ ഇപ്പോഴും മുറുമുറുക്കുന്ന നിരവധി നേതാക്കൾ ലീഗിലുണ്ട്. ഔദ്യോഗിക നേതൃത്വത്തെ എതിർക്കുന്ന ഇത്തരക്കാരെ ലക്ഷ്യമിടുക എന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. അതിനിടയ്ക്ക് വീണുകിട്ടിയതാണ് മൂന്നാം സീറ്റ് വിവാദം.