കേരളത്തിലെ എതിർപ്പ് തരൂർ മുഖ്യമന്ത്രിയാകുമെന്ന ഭയത്താൽ: എൻ.എസ്. മാധവൻ
Friday, October 7, 2022 12:27 PM IST
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്ന ശശി തരൂരിനെതിരെ കേരളത്തിൽ മാത്രം എതിർപ്പുണ്ടാകാൻ കാരണം അദ്ദേഹം മുഖ്യമന്ത്രിയാകുമോയെന്ന ഭയമാണെന്ന് സാഹിത്യകാരൻ എൻ.എസ്.മാധവൻ.
ഭരണം ലഭിക്കുകയാണെങ്കിൽ ഗ്രൂപ്പ് മത്സരത്തിന്റെ കെണിയിൽ പെട്ട് മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കടിപിടി കൂടുമ്പോൾ സമവായസ്ഥാനാർഥിയായി തരൂർ വരുമെന്ന ഭയമാണു അദ്ദേഹത്തിനോട് കേരളത്തിൽ മാത്രം കാണുന്ന രൂക്ഷമായ എതിർപ്പിനു കാരണമെന്ന് തോന്നുന്നുവെന്ന് എൻ.എസ്.മാധവൻ ട്വിറ്ററിൽ കുറിച്ചു.
കരിസ്മയും വാക്ചാതുര്യവും പ്രായവും ആധുനികതയും എല്ലാം തരൂരിന്റെ കൂടെയാണ്. കേജരിവാൾ തൊട്ട് ട്രംപ് വരെ തെളിയിയിക്കുന്നത് ദീർഘകാല രാഷ്ട്രീയ പരിചയം ഇന്നത്തെ കാലത്ത് പ്രശ്നമല്ലെന്നാണ്.
കേരളത്തിലെ സാധാരണക്കാരായ എഐസിസി അംഗങ്ങൾ തരൂരിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എൻ.എസ്. മാധവൻ ട്വിറ്ററിൽ കുറിച്ചു.