വയനാട്ടിൽ തോൽക്കും; രാഹുൽ സുരക്ഷിത സീറ്റ് തേടുന്നു: മോദി
Saturday, April 20, 2024 5:27 PM IST
മുംബൈ: രാഹുല്‍ ഗാന്ധി വയനാട്ടില്‍ പരാജയപ്പെടുമെന്നും മറ്റൊരു സുരക്ഷിത സീറ്റ് അദ്ദേഹം തേടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ തെരഞ്ഞെടുപ്പിനു ശേഷം രാഹുലിന്റെ രണ്ടാമത്തെ മണ്ഡലം പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു.
മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അമേഠിയില്‍നിന്ന് ഓടിപ്പോകേണ്ടി വന്ന രാഹുലിന് വയനാട്ടിലും അതേ അവസ്ഥയാണ്.
വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ തന്നെ വോട്ടര്‍മാര്‍ ഇന്ത്യാ മുന്നണിയെ പൂര്‍ണമായും തള്ളിക്കളഞ്ഞതായും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യാ മുന്നണിയെ ആര് നയിക്കുമെന്നത് വോട്ടര്‍മാര്‍ക്ക് ഒരു ധാരണയും ഇല്ല.
സത്യത്തില്‍ ആരാണ് നയിക്കുന്നതെന്ന് ആ മുന്നണിയിലെ നേതാക്കള്‍ക്ക് പോലും അറിയില്ലെന്നും മോദി പറഞ്ഞു. രാജ്യത്തെ കര്‍ഷകരുടെയും പാവപ്പെട്ടവരുടെയും വികസനത്തിനു തടസമായി കോണ്‍ഗ്രസ് നില്‍ക്കുകയായിരുന്നു. ഇനി അതുണ്ടാവില്ല. കാര്‍ഷിക പ്രതിസന്ധി ഇനി സംഭവിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.