ഒഡീഷ ട്രെയിൻ ദുരന്തം: സിബിഐ അന്വേഷണം ആരംഭിച്ചു
Tuesday, June 6, 2023 10:37 PM IST
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്തു. റെയിൽവേ മന്ത്രാലയത്തിന്റെ ശിപാർശയുടെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം ആരംഭിച്ചത്.
സിബിഐ സംഘം ബാലസോറിലെത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചു. ട്രെയിൻ അപകടത്തിനു പിന്നാലെ പ്രതിപക്ഷം വിമർശനം ശക്തമാക്കിയ സാഹച ര്യത്തിലാണു കേന്ദ്രം സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 6.50നും 7.10നുമിടയിൽ ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷനുസമീപം ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമാണ്ഡൽ എക്സ്പ്രസ്, ബംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവയ്ക്കൊപ്പം ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 278 പേർ മരിക്കുകയും 900 ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.