അമൃത്പാലിനെ സംരക്ഷിച്ചു; പട്യാലയിൽ സ്ത്രീ അറസ്റ്റിൽ
Monday, March 27, 2023 1:30 AM IST
ചണ്ഡിഗഡ്: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനും കൂട്ടാളി പാപൽപ്രീത് സിംഗിനും അഭയം നല്‍കിയതിനു പട്യാലയിൽ ഒരു സ്ത്രീ പിടിയിലായി. ഹർഗോബിന്ദ് നഗർ സ്വദേശിനി ബൽബീർ കൗറിനെയാണ് പഞ്ചാബ് പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
ഹരിയാനയിലെ കുരുക്ഷത്രയിലേക്കു രക്ഷപ്പെടും മുന്‍പ് ആറുമണിക്കൂർ പോലീസിനെ കണ്ണുവെട്ടിച്ച് സംരക്ഷിച്ചുവെന്നാണ് ഇവർക്കെതിരേയുള്ള കുറ്റം. അമൃത്പാലിനു സംരക്ഷണം നല്‍കിയതിന് അറസ്റ്റിലാകുന്ന രണ്ടാമത്തെ സ്ത്രീയാണ് ബൽബീർ കൗർ.
ഷാഹാബാദിൽനിന്ന് ബൽജിത് കൗർ എന്ന സ്ത്രീ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. കൂടാതെ ഖന്നയിൽ ബൽവന്ത് സിംഗ് എന്നയാളെയും പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. അമൃത്പാലിന്റെ കൂട്ടാളി തേജീന്ദർ സിംഗ് ഗില്ലിന് അഭയം നല്‍കിയെന്നാണു ബൽവന്തിനെതിരേയുള്ള കേസ്.