രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്ത്തണം; കേന്ദ്രത്തിന് ദേശീയ നിയമ കമ്മീഷന്റെ ശിപാര്ശ
Friday, June 2, 2023 3:40 PM IST
ന്യൂഡല്ഹി: രാജ്യദ്രോഹക്കുറ്റം ഭേദഗതികളോടെ നിലനിര്ത്തണമെന്ന് ദേശീയ നിയമ കമ്മീഷന് കേന്ദ്ര സര്ക്കാരിന് ശിപാര്ശ നല്കി. കര്ശന വ്യവസ്ഥകളോടെ മാത്രമേ നിയമം നടപ്പാക്കാവൂ എന്നും കമ്മീഷന് റിപ്പോര്ട്ടില് പറയുന്നു.
രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത പരിശോധിച്ച സുപ്രീംകോടതി കഴിഞ്ഞ വര്ഷം മേയില് നിയമം നടപ്പിലാക്കുന്നത് മരവിപ്പിച്ചിരുന്നു. നിലവിൽ എഫ്ഐആര് രജിസ്റ്റര് ചെയ്ത കേസുകളിലെ നടപടികൾ നിര്ത്തിവയ്ക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് പിന്നാലെ നിയമം നടപ്പിലാക്കണോ എന്ന കാര്യം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷനോട് കേന്ദ്രം റിപ്പോര്ട്ട് തേടിയത്.
ചില മാറ്റങ്ങളോടെ നിയമം നിലനിര്ത്തണമെന്നാണ് 22-ാം നിയമ കമ്മീഷന് കേന്ദ്ര സര്ക്കാരിന് നല്കിയ ശിപാര്ശ. രാജ്യദ്രോഹക്കുറ്റത്തിന്റെ കുറഞ്ഞ ശിക്ഷ നിലവില് മൂന്ന് വര്ഷമാണ്, ഇത് ഏഴു വര്ഷമായി കൂട്ടണം. പരമാവധി ശിക്ഷ ജീവപര്യന്തമായി നിലനിര്ത്തണം. പിഴ ശിക്ഷയും വേണമെന്നും റിപ്പോര്ട്ടില് പറയുന്നു.
എഫ്ഐആര് രജിസ്റ്റര് ചെയ്യുന്നതിന് മുമ്പ് ഇത്തരം കേസുകളില് പ്രാഥമിക അന്വേഷണം നടത്തണം. തെളിവുകളുടെ അടിസ്ഥാനത്തില് മാത്രമേ എഫ്ഐആര് രജിസ്റ്റര് ചെയ്യാവൂ എന്നും നിര്ദേശമുണ്ട്.
നിയമം നടപ്പാക്കുന്നതില് വ്യക്തമായ മാര്ഗനിര്ദേശം വേണം. മറ്റ് രാജ്യങ്ങളില് നിയമം റദ്ദാക്കിയതുകൊണ്ട് ഇന്ത്യയും നിയമം റദ്ദാക്കണമെന്ന് പറയുന്നത് നിലവിലുള്ള യാഥാര്ഥ്യങ്ങള്ക്ക് നേരെ കണ്ണടയ്ക്കുന്നതിന് തുല്ല്യമാണെന്നും കമ്മീഷന് റിപ്പോര്ട്ടില് പറയുന്നു.