ഉദ്ധവിന് തിരിച്ചടി, സഹോദരൻ ജയദേവ് താക്കറെ ഷിൻഡെയ്ക്കൊപ്പം
Wednesday, October 5, 2022 10:11 PM IST
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി. മുംബൈ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു.
സെൻട്രൽ മുംബൈയിൽ ദാദറിലെ ശിവാജി പാർക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്. സ്വന്തം സഹോദരൻ എതിർക്യാമ്പിലേക്ക് പോയത് ഉദ്ധവ് താക്കറെക്കേറ്റ വലിയ തിരിച്ചടിയായി.
ഏകനാഥിനെ ഒറ്റയ്ക്കാക്കരുതെന്നു ജയ്ദേവ് താക്കറെ പറഞ്ഞു. നിങ്ങൾ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കണം. ദരിദ്രർക്കും കർഷകർക്കും വേണ്ടിയാണ് ഷിൻഡെ പ്രവർത്തിക്കുന്നത്. നമ്മുടെ കർഷകരോട് സാമ്യമുള്ളയാളാണ് ഷിൻഡെ. അദ്ദേഹം കഠിനാധ്വാനിയാണെന്നും ജയ്ദേവ് താക്കറെ കൂട്ടിച്ചേർത്തു.