മസാലക്കഥകള്‍ മാത്രം അന്വേഷിച്ചു; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുന്‍ ഡിജിപി
Thursday, June 8, 2023 6:35 PM IST
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റീസ് ശിവരാജന് കമ്മീഷനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി എ.ഹേമചന്ദ്രന്. പലപ്പോഴും സദാചാര പോലീസിന്റെ മാനസിക അവസ്ഥയിലായിരുന്നു കമ്മീഷനെന്ന് സോളാര്‍ കേസ് അന്വേഷണ സംഘതലവന്‍ കൂടിയായിരുന്ന അദ്ദേഹം വിമര്‍ശിച്ചു.
നീതി എവിടെ എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് വെളിപ്പെടുത്തല്‍. സ്ത്രീ-പുരുഷ ബന്ധത്തിലെ മസാലക്കഥകള്‍ മാത്രമാണ് കമ്മീഷന് അന്വേഷിച്ചതെന്ന് പുസ്തകത്തില്‍ പറയുന്നു. കമ്മീഷന്റെ ഭാഗത്തുനിന്നുള്ള തമാശകള്‍ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനായിരുന്നു കമ്മീഷന്റെ ശ്രമം.
കമ്മീഷന് തെളിവിനായി ആശ്രയിച്ചത് തട്ടിപ്പ് കേസിലെ പ്രതികളെ ആയിരുന്നു. പ്രതിയായ വനിതയുടെ ആകൃതിയും വസ്ത്രധാരണവും പോലുള്ള കാര്യങ്ങളായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങള്‍.
കമ്മീഷന്റെ മാനസികാവസ്ഥ പ്രതികള്‍ നന്നായി മുതലെടുത്തു. അന്വേഷണ ഉദ്യോഗസ്ഥരുടെ അടക്കം അന്തസും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായി.
ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മന്‍ ചാണ്ടിയുടെയോ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയോ അറിവോടെ ആയിരുന്നില്ലെന്നും പുസ്തകത്തില്‍ പറയുന്നു.