യൂട്യുബ് അവതാരകയെ അപമാനിച്ച സംഭവം; ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു
Friday, September 30, 2022 12:30 PM IST
കൊച്ചി: യൂട്യൂബ് അവതാരകയെ അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുന്നു. നടനെതിരെയുള്ള എഫ്ഐആര്‍ റദ്ദാക്കാന്‍ പരാതിക്കാരി ഇന്ന് ഹൈക്കോടതിയെ സമീപിക്കും.
ഇരുകക്ഷികളും തമ്മില്‍ ഒത്തുതീര്‍പ്പില്‍ എത്തിയ സാഹചര്യത്തിലാണ് ഹര്‍ജി സമര്‍പ്പിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ നടന് മാപ്പ് പറഞ്ഞ സാഹചര്യത്തിലുമാണ് പരാതി പിന്‍വലിക്കുന്നത്.
ശ്രീനാഥ് ഭാസിയുടെ അഭിനയ ജീവിതം തകർക്കണമെന്നില്ല. ഇനി ആരോടും ആവർത്തിക്കില്ലെന്ന് ഭാസി ഉറപ്പ് നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ സമ്മർദമില്ലെന്നും പരാതിക്കാരി പറഞ്ഞു.
നടന്റെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.