കൗമാരക്കാരിയുടെ അരുംകൊല: ആൺ സുഹൃത്ത് പിടിയില്‍
Monday, May 29, 2023 8:19 PM IST
ന്യൂഡല്‍ഹി: രോഹിണിയിലെ ഷഹബാദ് ഡയറി പ്രദേശത്ത് പതിനാറുവയസുകാരിയെ അതിക്രൂരമായി കുത്തിക്കൊന്ന പ്രതി പിടിയിലായി. പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് സാഹില്‍(20) ആണ് പിടിയിലായത്. ഇയാളെ പിടികൂടാനായി ഡല്‍ഹി പോലീസ് ആറംഗ സംഘം രൂപീകരിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ഉത്തര്‍പ്രദേശിലെ ബുലംഗ്ഷഹറില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഷഹബാദ് ഡയറി ഏരിയയിലെ എസി മെക്കാനിക്കാണ് ഇയാൾ. പ്രതിയുടെ മാതാപിതാക്കളും ഇയാളെ കണ്ടെത്തുന്നതില്‍ സഹകരിച്ചതായി പോലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് മനഃസാക്ഷിയെ നടുക്കിയ സംഭവമുണ്ടായത്. രോഹിണിയിലെ ഷഹബാദ് ഡയറിയിലെ ജെജെ കോളനിയില്‍ താമസിക്കുന്ന സാക്ഷി എന്ന പെണ്‍കുട്ടിയെ ആണ് സാഹില്‍ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നെങ്കിലും ശനിയാഴ്ച വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ഞായറാഴ്ച തന്റെ സുഹൃത്തിന്റെ മകന്റെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ പ്രതി ആക്രമിക്കുകയായിരുന്നു.
പ്രതി പെണ്‍കുട്ടിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദൃശ്യങ്ങള്‍ പ്രകാരം ഇയാള്‍ പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിക്കുകയാണ്.
20ല്‍പരം തവണയാണ് പ്രതി പെണ്‍കുട്ടിയെ തുടരത്തുടരെ കുത്തിയത്. താഴെ വീണ ഇരയുടെ തലയില്‍ പലവട്ടം ആഞ്ഞാഞ്ഞ് ചവിട്ടുകയും ചെയ്യുന്നുണ്ട്. സമീപത്തായി കിടന്ന വലിയൊരു കല്ലെടുത്ത് പ്രതി പെണ്‍കുട്ടിയുടെ ദേഹത്ത് നാലഞ്ചുവട്ടം ഇടുന്നതായും ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍ നിരവധിപേര്‍ ആ വഴി പോയിട്ടും ഒരാളൊഴിച്ച് ആരും പ്രതിയെ തടയുകയൊ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുകയൊ ചെയ്യുന്നില്ല. അരുംകൊല നടത്തിയശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.