കൗമാരക്കിരീടനത്തിരികെ നീലപ്പട
Friday, January 27, 2023 6:43 PM IST
പോചെഫ്ഷ്രൂം: അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടപ്പോരിന് യോഗ്യത നേടിയത്. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ കിവീസ് കെട്ടിപ്പടുത്ത 108 റൺസ് വിജയലക്ഷ്യം 34 പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു.
സ്കോർ:
ന്യൂസിലൻഡ് 107/9(20)
ഇന്ത്യ 110/2(13.2)
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിൽ കിവീസ് മുൻനിര തകർന്നു. 2.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ അഞ്ച് റൺസ് എന്ന നിലയിലായിരുന്ന കിവീസിനെ ജോർജിയ പ്ലിമ്മർ(35), ഇസബെല്ലാ ഗേസ്(26) എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആറ് ബാറ്റർമാർ ഒറ്റയക്ക സ്കോറിന് പുറത്തായെങ്കിലും പതിനൊന്നാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ കെയ്ലി നൈറ്റ് 12 റൺസ് നേടി ന്യൂസിലൻഡിനെ 100 കടത്തി. മൂന്ന് വിക്കറ്റ് നേടിയ പർഷവി ചോപ്ര നയിച്ച ഇന്ത്യൻ ബൗളിംഗ് നിരയാണ് കിവീസിന്റെ നട്ടെല്ലൊടിച്ചത്. ഷഫാലി വർമ അടക്കമുള്ള നാല് ബൗളർമാർ ഓരോ വിക്കറ്റ് വീതം നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ ഷഫാലി വർമയെ(10) വേഗം നഷ്ടമായെങ്കിലും ശ്വേത സെഹ്റാവത്ത്(61*) - സൗമ്യ തിവാരി(22) സഖ്യം രണ്ടാം വിക്കറ്റിൽ 62 റൺസ് നേടി. അന്ന ബ്രൗണിംഗാണ് കിവീസിനായി രണ്ട് വിക്കറ്റുകളും നേടിയത്.