ഹജ്ജ് സീസൺ അടുത്തു; ഉംറ തീർഥാടനത്തിന് നിയന്ത്രണം
Tuesday, May 23, 2023 4:46 AM IST
ജിദ്ദ: ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം. ഹജ്ജ് സീസൺ അടുത്ത സാഹചര്യത്തിലാണ് ഉംറ തീർഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ജൂൺ നാലു മുതൽ ഉംറ പെർമിറ്റുകൾ അനുവദിക്കില്ല. ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നത് വരെ ഹജ്ജ് തീർഥാടകർക്ക് മാത്രമായിരിക്കും ഉംറ നിർവഹിക്കാൻ അനുമതി നല്കുക.
ഓൺലൈൻ വഴിയുള്ള ഉംറ പെർമിറ്റ് ദുൽഖഅദ് 15 വരെ അഥവാ ജൂൺ 4 വരെ മാത്രമേ അനുവദിക്കുകയുള്ളൂ എന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ് കർമങ്ങൾ അവസാനിച്ച ശേഷമായിരിക്കും ഇനി ഉംറ പെർമിറ്റ് ഇഷ്യൂ ചെയ്യുക. എന്നാൽ ഹജ്ജ് തീർഥാടകർക്ക് ഉംറ നിർവഹിക്കുന്നതിനു തടസമുണ്ടാകില്ല.