സര്‍ക്കാരിന് ധിക്കാരം, സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം നടക്കുന്നത് ആദ്യമായല്ല: സതീശന്
Tuesday, March 21, 2023 3:34 PM IST
തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു അനുരഞ്ജനത്തിനുമില്ലെന്ന സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് സഭാ നടപടികള്‍ വെട്ടിച്ചുരുക്കേണ്ട സാഹചര്യത്തിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.
സഭയിലുണ്ടായ ഒരു പ്രശ്നത്തില്‍ വാദികളായ എംഎല്‍എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി അപമാനിക്കാന്‍ ശ്രമിച്ചെന്ന് സതീശന് വിമര്‍ശിച്ചു. എംഎല്‍മാര്‍ക്ക് പോലും കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാര്‍ക്ക് കിട്ടുമെന്നും സതീശന് ചോദിച്ചു.
സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായല്ല സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹ സമരം നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. 1974 ഒക്ടോബര്‍ 21നാണ് ആദ്യം സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹം നടന്നത്. പിന്നീട് 1975 ഫെബ്രുവരിവരി 25ന് ഇഎംസിന്റെ നിര്‍ദേശപ്രകാരം പ്രതിപക്ഷ അംഗങ്ങള്‍ മുഴുവന്‍ നടുത്തളത്തില്‍ സത്യാഗ്രഹം നടത്തി.
2011 സെപ്റ്റംബറില്‍ വി.എസ് നടുത്തളത്തിലിരുന്ന് സമരം നടത്തിയെന്നും സതീശന് ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് സഭയുടെ നടുത്തളത്തില്‍ സത്യാഗ്രഹസമരം നടത്തുന്നതെന്ന മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രസ്താവനകള്‍ പിന്‍വലിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സഭയില്‍ എന്ത് നടക്കുമെന്ന് താന്‍ തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നില്‍ തലകുനിയ്ക്കാന്‍ തയാറല്ലെന്നും സതീശന് കൂട്ടിചേര്‍ത്തു.