എ​ട​ക്ക​ര: മു​ണ്ട​ക്കൈ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ല്‍ ചാ​ലി​യാ​റി​ല്‍​നി​ന്ന് ഒ​രു മൃ​ത​ദേ​ഹം​കൂ​ടി ക​ണ്ടെ​ത്തി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ചു​ങ്ക​ത്ത​റ കൈ​പ്പി​നി ച​ക്കൂ​റ്റി ക​ട​വി​ല്‍​നി​ന്നാ​ണ് പു​രു​ഷ​ന്‍റേ​തെ​ന്നു സം​ശ​യി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടു​കാ​ര്‍ ക​ണ്ട​ത്.

എ​ട​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​തോ​ടെ ചാ​ലി​യാ​ര്‍ പു​ഴ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ 13 ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 79 ആ​യി. ഇ​തി​ല്‍ 40 പു​രു​ഷ​ന്മാ​രും 32 സ്ത്രീ​ക​ളും മൂ​ന്ന് ആ​ണ്‍​കു​ട്ടി​ക​ളും നാ​ലു പെ​ണ്‍​കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും.

166 ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ മൃ​ത​ദേ​ഹ​ങ്ങ​ളും ശ​രീ​ര​ഭാ​ഗ​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 244 പോ​സ്റ്റ്‌​മോ​ർ​ട്ടം പൂ​ര്‍​ത്തീ​ക​രി​ച്ചു. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഒ​രു പു​രു​ഷ​ന്‍റേ​തു​മു​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ​യാ​ണ് നി​ല​മ്പൂ​രി​ല്‍​നി​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.