കരുവന്നൂര്‍ കേസ് പ്രതി സതീഷ് വായ്പ ഏറ്റെടുക്കലിന്റെ പേരില്‍ കോടികള്‍ തട്ടിയെടുത്തു: അനില്‍ അക്കര
Sunday, October 1, 2023 1:11 PM IST
തൃശൂര്‍: സഹകരണ സംഘങ്ങള്‍ വഴിയുള്ള വായ്പ ഏറ്റെടുക്കലുകളുടെ പേരില്‍ കരുവന്നൂരിലെ മുഖ്യപ്രതി സതീഷ് കുമാര്‍ കോടികള്‍ തട്ടിയെടുത്തെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര. പല സഹകരണ ബാങ്കുകളിലായി 500 കോടിയുടെ ഇടപാടാണ് സതീഷ് നടത്തിയത്. ഇത് ടേക്ക് ഓവറല്ല കൊള്ളയാണെന്നും അനില്‍ അക്കര ആരോപിച്ചു.
വിളപ്പായ സ്വദേശിനിയില്‍നിന്ന് ലക്ഷങ്ങള്‍ പിടിച്ചുപറിച്ചെന്ന് അനില്‍ ആരോപിച്ചു. മുണ്ടൂര്‍ സഹകരണ ബാങ്കിലെ കുടിശിക തീര്‍ക്കാനാണ് ഇവര്‍ സതീശുമായി ബന്ധപ്പെട്ടത്.
പെരിങ്ങണ്ടൂര്‍ ശാഖയില്‍ നിന്നും 35 ലക്ഷം രൂപ ലോണ്‍ എടുക്കണമെന്ന് സതീഷ് ആവശ്യപ്പെട്ടു. വായ്പ ടേക്ക് ഓവര്‍ ചെയ്യാമെന്നും അതുവഴി ജപ്തി നടപടി ഒഴിവാക്കാനാകുമെന്നും ഇവരെ വിശ്വസിപ്പിച്ചു.
കുടിശിക തീര്‍ക്കാന്‍ എടുത്ത 35 ലക്ഷത്തില്‍ ഒരു രൂപ പോലും ഇവര്‍ക്ക് കിട്ടിയില്ല. സതീശന് പണം ബലമായി പിടിച്ചുവാങ്ങി. പിന്നീട് ഇവരുടെ വീട്ടില്‍ ചെന്ന് വധഭീഷണി മുഴക്കിയെന്നും അനില്‍ ആരോപിച്ചു.
ഇത്തരത്തില്‍ 150ഓളം വായ്പാ ഏറ്റെടുക്കലാണ് സതീശന് നടത്തിയത്. പല ബാങ്കുകളിലായി സതീശന് വലിയ രീതിയില്‍ കള്ളപ്പണം വെളുപ്പിക്കലും പിടിച്ചുപറിയും നടത്തി.
വിഷയത്തില്‍ ഹൈക്കോടതി ഇടപെടല്‍ വേണം. കോടതിയുടെ മേല്‍നോട്ടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും അനില്‍ ആവശ്യപ്പെട്ടു.