ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവിവരം ചോദിച്ചതിന് കോടതിയിൽനിന്ന് പിഴ ലഭിച്ചതിനു പിന്നാലെ വീണ്ടും അതേ ചോദ്യമുന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.

നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന ആളായതിനാൽ പ്രധാനമന്ത്രി വിദ്യാസമ്പന്നനാകേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസമില്ലാത്ത പ്രധാനമന്ത്രി ഇന്ത്യക്ക് അപകടമാണെന്നും കേജരിവാൾ പറഞ്ഞു.

ബിരുദ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്താത്തതിന് രണ്ടു കാരണങ്ങൾ കണ്ടെത്താം. ആരെയും കാണിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്‍റെ ഈഗോ ആകാം ഒന്ന്. അത് ജനാധിപത്യത്തിന് ചേർന്നതല്ല. മറ്റൊന്ന് ബിരുദം വ്യാജമാകാമെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിന്‍റെ വിശദാംശങ്ങൾ കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷന്‍റെ (സിഐസി) ഏഴുവർഷം മുന്പുള്ള ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

സർട്ടിഫിക്കറ്റിന്‍റെ വിവരങ്ങൾ തേടി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജിയിലായിരുന്നു സിഐസിയുടെ അനുകൂല വിധി. ഇതിനെതിരേ ഗുജറാത്ത് വാഴ്സിറ്റിയാണ് കോടതിയെ സമീപിച്ചത്.

ഹർജിക്കാരനായ കേജരിവാളിന് 25,000 രൂപ പിഴ വിധിച്ച ജസ്റ്റീസ് ബിരേൻ വൈഷ്ണവ് വിശദാംശങ്ങൾ കൈമാറേണ്ടെന്നും നിർദേശിച്ചു.