അയോധ്യ രാമക്ഷേത്രം വിഗ്രഹ പ്രതിഷ്ഠ ജനുവരി 22ന്; പ്രധാനമന്ത്രി എത്തും
Tuesday, September 26, 2023 9:59 PM IST
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ അടുത്ത വര്‍ഷം ജനുവരി 22ന് നടക്കുമെന്ന് രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി തലവൻ നൃപേന്ദ്ര മിശ്ര.
പ്രധാനമന്ത്രിയെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുമെന്നും 10000 പ്രത്യേക അതിഥികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ജനുവരി 20നും 24നും ഇടയില്‍ ഏത് ദിവസവും നടത്താവുന്ന പ്രാണ്‍ പ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, തീയതി സംബന്ധിച്ച അവസാന തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.
അതേസമയം കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയും വിഗ്രഹ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
മൂന്നുനിലകളിലുള്ള ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ പണി ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. രാം ലല്ല വിഗ്രഹം പ്രതിഷ്ഠിച്ച് ജനുവരി 24ന് ഭക്തര്‍ക്ക് ക്ഷേത്രം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നൃപേന്ദ്ര മിശ്ര പറഞ്ഞു.
നിലവില്‍ നിര്‍മാണത്തിനായി 900 കോടി രൂപയോളം ചെലവഴിച്ചുവെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഇത് 1,800 കോടി രൂപവരെ ഉയരാമെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേര്‍ത്തു.