വർക്കലയിൽ നാല് വയസുകാരിക്ക് മർദ്ദനം; മുത്തശിയും അച്ഛനും അറസ്റ്റിൽ
Wednesday, February 1, 2023 10:48 PM IST
വർക്കല: നാലു വയസുകാരിയെ മർദ്ദിച്ച കേസിൽ മുത്തശിയും അച്ഛനും അറസ്റ്റിൽ. പ്ലേസ്കൂളിൽ പോകാൻ മടികാണിച്ചതിന് കുട്ടിയെ മുത്തശി ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.
കുട്ടിയെ പിതാവും മർദ്ദിക്കാറുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് കുട്ടിയുടെ പിതാവിനെയും പോലീസ് അറസ്റ്റു ചെയ്തത്.
വർക്കല വെട്ടൂർ പഞ്ചായത്തിലെ വലയന്റെകുഴി പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. പതിവായി അംഗൻവാടിയിൽ പോകാൻ മടികാണിച്ച കുട്ടിയെ രണ്ടാഴ്ച മുൻപാണ് അടുത്തുള്ള പ്ലേ സ്കൂളിൽ ചേർത്തത്.
കുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിനേ തുടർന്ന് മുത്തശി നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച രാവിലെ മുത്തശി കുഞ്ഞിനെ വടി ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിന്റെ നിലവിളിയും കരച്ചിലും കേട്ടാണ് അയൽവാസി വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.