ജാതിവിവേചനത്തിന് പിന്നാലെ പയ്യന്നൂരിൽ അപ്രഖ്യാപിത ഊരുവിലക്ക്
Friday, September 22, 2023 8:23 PM IST
കണ്ണൂർ: പയ്യന്നൂരിലെ ക്ഷേത്രത്തില്‍ ദേവസ്വം മന്ത്രിക്ക് ജാതി വിവേചനമുണ്ടായെന്ന വിവാദങ്ങളുയരുന്നതിനിടയില് പയ്യന്നൂര്‍ നഗരസഭ പരിധിയിലെ ചില കുടുംബംഗങ്ങളോടുള്ള അപ്രഖ്യാപിത ഊരുവിലക്കും ചര്‍ച്ചയാകുന്നു. നഗരസഭയിലെ കവ്വായിയിലാണ് കുറച്ചുനാളുകളായി പുകഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നമാണ് ഇപ്പോള്‍ പുറത്തുവന്നത്.
കവ്വായിയിലെ കതിവന്നൂര്‍ വീരന് ക്ഷേത്രത്തിലെ 2016-18 വര്‍ഷത്തെ ഏഴുപേരടങ്ങുന്ന കമ്മിറ്റിയിലെ ഒരാള്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കെതിരേ കമ്മിറ്റിയംഗങ്ങളായ ചിലര്‍ നിയമ നടപടി സ്വീകരിച്ചതിന്റെ പേരിലാണ് അവരുടെ കുടുംബങ്ങള്‍ക്കെതിരേ അപ്രഖ്യാപിത ഊരുവിലക്ക്.
ഒരു മഹിളാക്കമ്മിറ്റിയംഗം ബാങ്കില്‍നിന്നു കൊണ്ടുവന്ന് കമ്മിറ്റിയംഗത്തിന് കൈമാറിയ അഞ്ച് ലക്ഷം രൂപ മറ്റംഗങ്ങളറിയാതെ തിരിമറി നടത്തിയ സംഭവം വിവാദമായിരുന്നു. ഇതുസംബന്ധിച്ച് നിയമ നടപടി നേരിടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് എതിര്‍പ്പുള്ള ചില കുടുംബങ്ങള്‍ക്കെതിരേ ചിലര്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്.
എന്നാല്‍ സമുദായം ഔദ്യോഗികമായി ഊരുവിലക്കിനുള്ള തീരുമാനമെടുത്തിട്ടില്ലെന്നും ഇതിന്റെ പിന്നില്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനുള്ള ചിലരുടെ ഇടപെടലാണെന്നും ഊരുവിലക്കിന് വിധേയനായ മാടാച്ചേരി പ്രേമന് പറഞ്ഞു.
കൂലോത്ത് വളപ്പില്‍ പാറു, മാടാച്ചേരി കല്യാണി എന്നിവര്‍ മരിച്ചപ്പോള്‍ സംസ്കരിക്കുന്നതിനും അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതിന് പോലും തടസമുണ്ടാക്കിയതായി പ്രേമന് ആരോപിച്ചു. പാറു മരിച്ചപ്പോള്‍ ഏകമകനായ തന്നെ കര്‍മങ്ങള്‍ ചെയ്യാനനുവദിച്ചില്ലെന്ന് കൂലോത്തുവളപ്പില്‍ പവിത്രനും ആരോപിച്ചു.
നേരത്തെ ഇതു സംബന്ധിച്ച് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ ചർച്ചയിൽ ആരെയും അകറ്റി നിര്‍ത്തില്ലെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നുമുള്ള ഒത്തുതീർപ്പിൽ എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ കാറ്റില്‍പറത്തിയാണ് ചിലര്‍ ഇപ്പോൾ പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, മറ്റാഘോഷങ്ങള്‍ എന്നിവയൊന്നും അകറ്റി നിര്‍ത്തപ്പെട്ട കുടുംബങ്ങളെ അറിയിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
മകന് ഇതര മതസ്ഥയെ വിവാഹം ചെയ്തുവെന്ന കാരണത്താല്‍ ജോലിക്ക് പോലും വിലക്കേർപ്പെടുത്തിയതടക്കം നിരവധി സംഭവങ്ങൾ നേരത്തെ പയ്യന്നൂരിലുണ്ടായിരുന്നു.