മണിപ്പൂരിലേത് സമുദായ സംഘർഷം, ഭീകരവാദ ബന്ധമില്ല: സംയുക്ത സൈനിക മേധാവി
വെബ് ഡെസ്ക്
Tuesday, May 30, 2023 4:11 PM IST
ന്യൂഡൽഹി: മണിപ്പൂരിൽ രണ്ടു സമുദായങ്ങൾ തമ്മിലുള്ള സംഘർഷമാണ് ഏറ്റുമുട്ടലിൽ കലാശിച്ചതെന്ന് സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ. സംസ്ഥാനത്ത് ഭീകരവാദ ഭീഷണിയില്ല. ക്രമസമാധാന വിഷയമാണ് ഉണ്ടായിരിക്കുന്നത്. സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാൻ സൈന്യം സംസ്ഥാന സർക്കാരിനെ സഹായിക്കുകയാണെന്നും സൈനിക മേധാവി പറഞ്ഞു.
മണിപ്പൂരിലെ വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. സ്ഥിതി സാധാരണനിലയിലാകാൻ സമയമെടുക്കും. സൈന്യം നല്ല നിലയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അനിൽ ചൗഹാൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, മണിപ്പൂർ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് സംഘർഷബാധിത സ്ഥലങ്ങൾ സന്ദർശിച്ചേക്കും.
സംസ്ഥാനത്തിന്റെ പലയിടങ്ങളിലും സംഘർഷം തുടരുകയാണ്. അതിനിടെ, വീടുകൾക്ക് തീയിട്ട 22 പേർ അടക്കമുള്ള അക്രമികളെ പിടികൂടിയെന്ന് സൈന്യം അറിയിച്ചു. ഇവരിൽ നിന്നായി ചൈനീസ് ഗ്രനേഡും വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർകൂടി മരിച്ചതോടെ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി ഉയരുകയും ചെയ്തു.