നിപ: അകന്നത് വലിയ ആശങ്ക; ജീവിതം തിരികെപ്പിടിച്ച് ഒമ്പതുവയസുകാരന്
Friday, September 29, 2023 12:35 PM IST
കോഴിക്കോട്: ജില്ലയില്‍ നിപ ബാധിച്ച ചികിത്സയിലായിരുന്ന ഒന്‍പത് വയസുകാരന് ഉള്‍പ്പെടെയുള്ള നാല് പേരും രോഗമുക്തി നേടി. നാല് പേരും ഡബിള്‍ നെഗറ്റീവ് ആയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഇടവേളയില്‍ നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവ് ആയതായും മന്ത്രി പറഞ്ഞു. നാലുപേരും ആശുപത്രിവിട്ടു.
ആറുദിവസം വെന്റിലേറ്ററിലായിരുന്ന ഒമ്പതുവയസുകാരന്റെ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് ആരോഗ്യരംഗത്തിന് വലിയ നേട്ടമായി. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശി മകനാണ് ഈ ഒമ്പതുവയസുകാരന്.
ലോകത്ത് ആദ്യമായിട്ടാണ് വെന്റിലേറ്ററില്‍ ഇത്രയുംദിവസം കിടന്ന നിപ രോഗി രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ജില്ലയില്‍ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നിരുന്നു. നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
നിപ വ്യാപനം തടയാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കഴിഞ്ഞദിവസം പിന്‍വലിച്ചിരുന്നു.