രമേശ് ബിധുരിയുടെ പരാമർശം; പ്രധാനമന്ത്രിക്ക് കത്ത് നൽകി ഡാനിഷ് അലി
Friday, September 29, 2023 6:37 PM IST
ന്യൂഡൽഹി: ലോക്സഭയിൽ ബിജെപി എംപി രമേശ് ബിധുരി നടത്തിയ അധിക്ഷേപ പരാമർശങ്ങളിൽ നടപടി ആവശ്യപ്പെട്ട് ബിഎസ്പി എംപി ഡാനിഷ് അലി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.
തനിക്ക് നേരെ ബിധുരി നടത്തിയ പരാമർശങ്ങളെ പ്രധാനമന്ത്രി അപലപിക്കണമെന്ന് ഡാനിഷ് അലി ആവശ്യപ്പെട്ടു. ബിധുരിക്ക് ഉചിതമായ ശിക്ഷ നൽകണമെന്നും തനിക്കെതിരെ ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാസന്നാഹങ്ങൾ വർധിപ്പിക്കണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.
സംഭവം നടന്ന് എട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ബിധുരിക്ക് നടപടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. വിവാദ പരാമർശങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് പ്രിവിലേജ് കമ്മിറ്റിയെ സ്പീക്കർ ചുമതലപ്പെടുത്തിയത് അറിഞ്ഞത് മാധ്യമവാർത്തകളിലൂടെയാണ്. ഇതുമായി ബന്ധപെട്ട അറിയിപ്പുകൾ തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല.
ബിജെപി എംപിയുടെ വിവാദ പരാമർശങ്ങളിൽ പ്രതികരിക്കുന്നതിന് പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്. ജി-20 സമ്മേളനത്തിനിടെ, "വസുധൈവ കുടുംബകം' എന്ന സന്ദേശം നൽകി രാജ്ഘട്ടിൽ ലോകനേതാക്കളുമായി സന്ദർശനം നടത്തിയതിന് ശേഷം പാർലമെന്റിൽ നിന്നും ഇത്തരമൊരു പരാമർശം വരുന്നത് ഉൾക്കൊള്ളാനാകുന്നില്ലെന്നും ഡാനിഷ് അലി പറഞ്ഞു.
താൻ പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ചതിനാണ് ബിധുരി മറുപടി നൽകിയെന്ന ആരോപണം തികച്ചും നിന്ദ്യമാണെന്നും ഇതിന് തെളിവുണ്ടെങ്കിൽ നൽകണമെന്നും ഡാനിഷ് അലി കത്തിൽ ആവശ്യപ്പെട്ടു.