ബെവ്കോ ഔട്ട്ലെറ്റുകളില് വിജിലന്‍സിന്റെ "ഓപ്പറേഷന് മൂണ്‍ലൈറ്റ്'; വ്യാപക ക്രമക്കേട് കണ്ടെത്തി
Sunday, October 1, 2023 10:32 AM IST
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളില് വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. പല ഷോപ്പുകളിലും വില്‍പ്പന നടത്തിയ പണത്തില്‍ കുറവുണ്ട്.
ബെവ്കോയുടെ 78 ഔട്ട്ലെറ്റുകളിലാണ് ശനിയാഴ്ച രാത്രി ഓപ്പറേഷന് മൂണ്‍ലൈറ്റ് എന്ന പേരിൽ
വിജിലന്‍സ് മിന്നല്‍പരിശോധന നടത്തിയത്. ഭൂരിഭാഗം സ്ഥലങ്ങളിലും ക്രമക്കേട് കണ്ടെത്തി.
നോര്‍ത്ത് പറവൂരിലെ ഔട്ട്ലെറ്റില് 17000 രൂപയും ഇലഞ്ഞിയില്‍ 10000 രൂപയും അധികം കണ്ടെത്തി. ആളുകളില്‍നിന്ന് മദ്യത്തിന് കൂടുതല്‍ പണം ഈടാക്കിയതാണോ എന്ന് വിജിലന്‍സ് സംശയിക്കുന്നുണ്ട്.
കുപ്പി പൊട്ടിയും മറ്റും ഡാമേജ് ആകുന്ന മദ്യത്തിന്റെ പേരില്‍ ഓരോ മാസവും 10000 രൂപ വീതം പലയിടത്തും ഉദ്യോഗസ്ഥര്‍ എഴുതിയെടുക്കുന്നതായും ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. മദ്യം പൊതിഞ്ഞ് നല്കുന്ന കടലാസിന്റെ പേരിലും വന്‍ തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തി. പലയിടങ്ങളിലും വലിയ തുകയാണ് കടലാസിന്റെ പേരില്‍ എഴുതിയെടുക്കുന്നത്.
കോട്ടയത്ത് 120 കിലോ കടലാസ് വാങ്ങിയതായി രജിസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും ആകെ 15 കിലോ മാത്രമാണ് വിജിലന്‍സ് സംഘമെത്തുമ്പോള്‍ ഇവിടെയുണ്ടായിരുന്നത്.
ജീവനക്കാരുടെ യുപിഐ അക്കൗണ്ടുകളിലൂടെ പണം വാങ്ങി മദ്യം നല്‍കുന്നതായും ചില ബ്രാന്റുകള്‍ സ്റ്റോക്കില്ലെന്ന് പറഞ്ഞ് പൂഴ്ത്തിവയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.