ഹാംഗ്ഝൗ: ഏഷ്യൻഗെയിംസിൽ ഇന്ന് ഗോൾഫ് മൈതാനത്ത് പിറന്നത് പുതിയ ഇന്ത്യൻ ചരിത്രം. എട്ടാംദിനം വനിതാ ഗോൾഫിൽ ഇന്ത്യയുടെ അദിതി അശോക് വെള്ളി സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ഈയിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ ആദ്യമെഡലാണിത്.

തായ്പേയ് താരം യുബോൽ അർപിചാര്യയാണ് സ്വർണം സ്വന്തമാക്കിയത്. അതേസമയം, അവസാനദിനം വരെ ലീഡുമായി മുന്നേറിയിരുന്ന അദിതി സ്വർണപ്രതീക്ഷയിലായിരുന്നു. എന്നാൽ, നിർണായകനിമിഷം സമ്മർദത്തിൽപെട്ടതോടെയാണ് നേരിയ വ്യത്യാസത്തിൽ സ്വർണം വഴുതിപ്പോയത്.

ലോകറാങ്കിംഗിൽ ആദ്യ അമ്പതിലെത്തിയ ആദ്യ ഇന്ത്യൻ വനിതാ ഗോൾഫ് താരമാണ് അദിതി അശോക്.

ഇന്ത്യയുടെ 15-ാം വെള്ളിമെഡലാണിത്. പത്ത് സ്വർണം, 15 വെള്ളി, 14 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡൽനേട്ടം. ഇതോടെ ആകെ 39 മെഡലുകളുമായി നാലാം സ്ഥാനത്താണ് ഇന്ത്യ.