കളിത്തോക്ക് കാര്യമായി; സഹയാത്രികന്റെ സംശയത്തില്‍ മലയാളി യുവാക്കൾ കുടുങ്ങി
Wednesday, October 4, 2023 2:34 PM IST
ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ സഞ്ചരിച്ചപ്പോൾ അറസ്റ്റിലായ നാല് മലയാളി യുവാക്കള്‍ നിരപരാധികളെന്ന് റെയില്‍വേ പോലീസ്. ഇവര്‍ തോക്കുമായി സംസാരിക്കുന്ന രീതി കണ്ട് ഒരു സഹയാത്രികന് തെറ്റിധാരിക്കുകയായിരുന്നു.
പരിഭ്രാന്തനായ ഇയാൾ റെയില്‍വേ കണ്ട്രോള് റൂമില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.പാലക്കാട്-തിരുച്ചെണ്ടൂര് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി അമീന് ഷെരീഫ്(19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റസീക്(24) പാലക്കാടുകാരനായ ജപല്‍ ഷാ(18) കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷിനാന്(20) എന്നിവരാണ് പിടിയിലായത്.
കൊടൈക്കനാല്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍വച്ചാണ് ഇവര്‍ അറസ്റ്റിലായത്. സഹയാത്രികന്റെ സംശയത്തെതുടർന്ന് 20 പേര് അടങ്ങുന്ന പോലീസ് സംഘം കമ്പാര്‍ട്ടുമെന്റ് വളഞ്ഞാണ് യുവാക്കളെ പിടികൂടിയത്.
എന്നാൽ യുവാക്കളെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് യഥാർഥ ചിത്രം പുറത്തുവന്നത്. മധുരയില്‍ എത്തി രാമനാഥപുരത്തിന് പോകാനായി വന്നവരായിരുന്നു ഇവർ. ട്രെയിനില്‍ യുവാക്കൾ കാട്ടിയ തമാശ സഹയാത്രികന് തെറ്റിധരിച്ചതാണെന്ന് പോലീസ് പറയുന്നു.
ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിനാൽ പോലീസിനെ കണ്ട് യുവാക്കൾ ഓടിയതായും ഇത് തെറ്റിധാരണയ്ക്ക് ആക്കം കൂട്ടിയതായും റെയില്‍വേ പോലീസ് പറഞ്ഞു. യുവാക്കൾക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലം ഇല്ല.
സഹയാത്രക്കാരന് രേഖാമൂലം പരാതി നല്‍കിയിട്ടില്ല. അതിനാൽ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തതിന്റെ പിഴ ഇടാക്കിയശേഷം ഇവരെ വിട്ടയയ്ക്കുമെന്നാണ് റയില്‍വേ പോലീസ് നൽകുന്ന വിവരം.