"ആ വെള്ള കാർ ഭയപ്പെടുത്തുന്നു' : രണ്ട് ദിവസം മുൻപേ കുഞ്ഞുങ്ങൾ സംശയം പ്രകടിപ്പിച്ചുവെന്ന് അമ്മൂമ്മ
വെബ് ഡെസ്ക്
Tuesday, November 28, 2023 12:58 AM IST
കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി കുട്ടിയുടെ അമ്മൂമ്മ. തങ്ങളെ ഒരു വെള്ള കാർ സ്ഥിരമായി പിന്തുടരുന്നുവെന്നും അതിൽ ചിലർ തങ്ങളെ നോക്കുന്നത് കണ്ട് ഭയമാകുന്നുവെന്നും അഭികേലും സഹോദരും കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിരുന്നുവെന്ന് ഇവർ പറയുന്നു.
ഇത് കുട്ടികളുടെ തോന്നലാകാമെന്ന് കരുതി ആശ്വസിപ്പിച്ചുവെന്നും അമ്മൂമ്മ വ്യക്തമാക്കി. കുട്ടിയെ കാറിലെത്തിയവർ തട്ടിക്കൊണ്ട് പോയ ഉടൻ തന്നെ കുട്ടിയുടെ ജ്യേഷ്ഠൻ ഇക്കാര്യം ഉച്ചത്തിൽ വിളിച്ച് പറയുകയും അമ്മൂമ്മ ഓടിച്ചെല്ലുകയും ചെയ്തു. കുട്ടികളെ നായ്ക്കൾ ഓടിച്ചതാകാമെന്ന് കരുതിയാണ് ഇവർ ആദ്യം കരുതിയത്.
അടുത്തേക്ക് ചെന്നപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായത്. എന്നാൽ കാർ അപ്പോഴേയ്ക്കും കുട്ടിയുമായി പാഞ്ഞു. ഉടൻ തന്നെ ഈ ഭാഗത്ത് കൂടി നടന്നുവരികയായിരുന്ന തൊഴിലുറപ്പുകാരോടക്കം ഇക്കാര്യം ഇവർ പറഞ്ഞു.
ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് തട്ടിക്കൊണ്ട് പോയത്. ഓയൂർ കാറ്റാടിമുക്കിൽ വച്ച് കാറിൽ എത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.