കലിഫോർണിയ: പുതുക്കിയ അക്കൗണ്ട് നയത്തിന്‍റെ അടിസ്ഥാനത്തിൽ രണ്ട് വർഷത്തിലേറെയായി ഉപയോഗിക്കാതിരുന്ന അക്കൗണ്ടുകൾ ഡിസംബർ ഒന്ന് മുതൽ നീക്കം ചെയ്യുമെന്ന് ഗൂഗിൾ. ഈ വർഷം മെയ് മാസത്തിലാണ് പുതുക്കിയ അക്കൗണ്ട് നയം ഗൂഗിൾ പ്രഖ്യാപിച്ചത്.

ഇതുപ്രകാരം ജി​മെ​യി​ൽ, ഡോ​ക്‌​സ്, ഡ്രൈ​വ്, ഗൂ​ഗി​ൾ മീ​റ്റ്, ക​ല​ണ്ട​ർ, യൂ​ട്യൂ​ബ്, എ​ന്നി​വ​യി​ൽ സ്റ്റോ​ർ ചെ​യ്തി​രി​ക്കു​ന്ന വി​വ​ര​ങ്ങ​ളടക്കം, നി​ഷ്‌​ക്രി​യ അ​ക്കൗ​ണ്ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​വ​ര​ങ്ങ​ളും ഗൂ​ഗി​ൾ നീക്കം ചെയ്യും.

ഇത്തരത്തിൽ നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന അ​ക്കൗ​ണ്ടു​ക​ളി​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളാ​ണ് പു​തി​യ നീക്കത്തിന് കാ​ര​ണ​മെ​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഇവയിൽ പ​ഴ​യ​തും പലരും പതിവായി ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തു​മാ​യ പാ​സ്‌​വേ​ഡു​കൾ ഉ​ണ്ടാ​വാ​നാ​ണ് സാ​ധ്യ​ത.

കൂ​ടാ​തെ ടു ​ഫാ​ക്ട​ർ ഒ​തന്‍റിക്കേ​ഷ​ൻ പോ​ലു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​തയും കു​റ​വാ​ണ്. ഇത്തരത്തിലുള്ള അക്കൗണ്ടുകളുടെ എണ്ണം ആക്ടീവ് അക്കൗണ്ടുകളെക്കാൾ കൂടുതലാണെന്ന് ഗൂഗിൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോകുന്നുവെന്ന് ഇവയുടെ ഉടമകൾക്ക് മെസേജ് അയയ്ക്കും. ഇതിന് കൃത്യമായ പ്രതികരണം ലഭിച്ചില്ല എങ്കിൽ ഒരു മാസത്തിനകം അക്കൗണ്ടുകൾ നീക്കം ചെയ്യും.