ചെന്നൈ: തമിഴ്‌നാട്ടില്‍ മിഗ്ജൗമ് ചുഴലിക്കാറ്റുണ്ടായതിന് പിന്നാലെ ചെന്നൈയിലടക്കം കനത്ത മഴ തുടരുന്നു. ഇവിടെ ഞായറാഴ്ച രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിലടക്കം വെള്ളം കയറി. ചെന്നൈയടക്കം നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്നും തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മഴ ശക്തമായതോടെ ആന്ധ്രാപ്രദേശും ജാഗ്രതാനിര്‍ദേശം ഇറക്കി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. വടക്കന്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. മാത്രമല്ല സ്വകാര്യ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാന്‍ നിര്‍ദേശം നല്‍കി. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. ഇന്ന് വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.