അക്ഷയ തൃതീയ ദിനത്തിൽ മാറ്റമില്ലാതെ സ്വർണവില; അന്താരാഷ്ട്ര വില താഴേക്ക്
Wednesday, April 30, 2025 10:49 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ന് അക്ഷയ തൃതീയ ദിനത്തിൽ വില കുതിക്കുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 71,840 രൂപയിലും ഗ്രാമിന് 8,980 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,395 രൂപയാണ്.
സ്വർണാഭരണങ്ങൾ വാങ്ങാൻ ശുഭ ദിനമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ആറുദിവസത്തെ ക്ഷീണത്തിനു ശേഷം ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറിയ സ്വർണവില പവന് 320 രൂപ വർധിച്ചിരുന്നു.
ഏപ്രിൽ 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ സർവകാല റിക്കാർഡ്. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. അതിനുശേഷം ഗ്രാമിന് 350 രൂപയും പവന് 2,800 രൂപയുമാണ് ഇടിഞ്ഞത്.
ജനുവരി 22-നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
അതേസമയം, രാജ്യാന്തര സ്വർണവില ഇന്ന് താഴേക്ക് പോയി. രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ ഇന്ത്യൻ രൂപയും ഇന്ന് 10 പൈസയുടെ നേട്ടത്തോടെ 85.15ലാണ് വ്യാപാരം തുടങ്ങിയത്. ഇതും കേരളത്തിൽ സ്വർണവില കുറയാനുള്ള അനുകൂലഘടകമാണെങ്കിലും വില മാറിയില്ല.
അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.