ത്രില്ലർ പോരിൽ ചെന്നൈ വീണു; ജൈത്രയാത്ര തുടർന്ന് ആര്‍സിബി
Saturday, May 3, 2025 11:56 PM IST
ബംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ജയം. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ആര്‍സിബി രണ്ടു റൺസിന്റെ ജയമാണ് സ്വന്തമാക്കിയത്.
സ്കോർ: ബംഗളൂരു 213/5 ചെന്നൈ 211/5. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്തിൽ നാലു റൺസ് വിജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താൻ ശിവം ദുബെയ്ക്ക് കഴിയാതെ പോയത് ടീമിന് കനത്ത തിരിച്ചടിയായി.
ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ ആയുഷ് മഹ്ത്രെയും 77 റൺസുമായി രവീന്ദ്ര ജഡേജയും മികച്ച പ്രകടനം പുറത്തെടുത്തു. ബംഗളൂരുവിനു വേണ്ടി ലുന്‍ഗി എന്‍ഗിഡി മൂന്നും ക്രുണാൽ പാണ്ഡ്യ, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റും നേടി.
ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജേക്കബ് ബെഥലും വിരാട് കോഹ്ലിയും ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്. 33 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം 62 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടോപ് സ്കോറർ.
33 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറും സഹിതം ബെഥൽ 55 റൺസുമെടുത്തു. അവസാന ഓവറുകളിൽ കത്തിക്കയറിയ റൊമാരിയോ ഷെപ്പോർഡ് ആർസിബിയെ മികച്ച സ്കോറിലെത്തിച്ചു. 14 പന്തുകൾ നേരിട്ട ഷെപ്പേർഡ് പുറത്താകാതെ 53 റൺസെടുത്തു. ചെന്നൈയ്ക്കു വേണ്ടി മതിഷ പതിരാന മൂന്നും നൂർ അഹമ്മദ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും നേടി.
റൊമാരിയോ ഷെപ്പേഡിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പതിനൊന്ന് മത്സരങ്ങൾ പൂർത്തിയായപ്പോൾ എട്ടു ജയവും മൂന്നു തോൽവിയും ഉൾപ്പടെ 16 പോയിന്റുമായി ആര്‍സിബി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.