ചണ്ഡീഗഡിലും പഞ്ച്കുളയിലും സൈറൺ മുഴങ്ങി; വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്
Friday, May 9, 2025 10:35 AM IST
ന്യൂഡൽഹി: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ പഞ്ചാബിലെ ചണ്ഡീഗഡിലും ഹരിയാനയിലെ പഞ്ച്കുളയിലും സൂരക്ഷാ മുന്നറിയിപ്പ് മുഴങ്ങി. വ്യോമസേനാ കേന്ദ്രത്തിൽ നിന്നുമാണ് നഗരത്തിലുടനീളം സൈറൺ മുഴങ്ങിയത്.
പ്രദേശവാസികൾ വീടിന് പുറത്തിറങ്ങരുതെന്നും വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആളുകൾ വീടിനുള്ളിൽ തന്നെ തുടരാനും ബാൽക്കണി, ജനാലകൾ, ഗ്ലാസ് പാളികൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കാനും നിർദേശമുണ്ട്.
സൈറണുകളെ തുടർന്ന് ഹൈക്കോടതിയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ജഡ്ജിമാർ അടിയന്തര കേസുകൾ കേൾക്കുന്നത് തുടർന്നെങ്കിലും, മുൻകരുതൽ നടപടിയായി അഭിഭാഷകർ ജോലിയിൽ നിന്നും വിട്ടുനിന്നു.
വ്യാഴാഴ്ച രാത്രി ചണ്ഡീഗഡിലുടനീളം അടിയന്തര വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ മുന്നറിയിപ്പ് വരുന്നത്. വ്യോമാക്രമണ സൈറണുകൾ മുഴങ്ങുകയും രാത്രി 9.30 ഓടെ വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തിരുന്നു.