മധ്യപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി
Friday, May 9, 2025 1:07 PM IST
ഭോപ്പാൽ: ഇന്ത്യ-പാക് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ പോലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി. മധ്യപ്രദേശ് പോലീസ് ആസ്ഥാനത്തു നിന്നാണ് നിർദേശം വന്നത്.
ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജരായിരിക്കാൻ എല്ലാ ജില്ലാ പോലീസ് സൂപ്രണ്ടുമാർക്കും (എസ്പി) പോലീസ് മേധാവി കർശന നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷ അവലോകനം ചെയ്യുന്നതിനും പ്രത്യേക മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനുമായി ഡിജിപി കൈലാഷ് മക്വാന ഇന്ന് എല്ലാ എസ്പിമാരുമായും വീഡിയോ കോൺഫറൻസ് നടത്തും.
ജില്ലാതല പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിരന്തരം സജ്ജമായിരിക്കണമെന്ന് സൈബർ പോലീസിനും നിർദേശമുണ്ട്.
ഇൻഡോറിൽ, ക്രമസമാധാന പാലനത്തിനായി ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരം ജില്ലാ ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇൻഡോറിൽ മുൻകൂർ അനുമതിയില്ലാതെ മതപരവും രാഷ്ട്രീയവും സാമൂഹികവുമായ പരിപാടികൾ ഉൾപ്പെടെ എല്ലാ പൊതുസമ്മേളനങ്ങളും നിരോധിച്ചതായി ഇൻഡോർ പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് അറിയിച്ചു.