അതിർത്തി സംഘർഷങ്ങൾ: പാക്കിസ്ഥാനിൽ കടുത്ത ഇന്ധനക്ഷാമം, തലസ്ഥാനത്തെ പമ്പുകൾ അടയ്ക്കാൻ നിർദേശം
Saturday, May 10, 2025 10:37 AM IST
ഇസ്ലാമാബാദ്: അതിർത്തി സംഘർഷങ്ങളിൽ ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയ സാഹചര്യത്തിൽ പാക്കിസ്ഥാൻ കടുത്ത ഇന്ധനക്ഷാമം നേരിടുന്നതായി റിപ്പോർട്ടുകൾ. തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ, ഡീസൽ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ ഇസ്ലാമാബാദ് ക്യാപ്പിറ്റൽ ടെറിട്ടറി അഡ്മിനിസ്ട്രേഷൻ നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെ 48 മണിക്കൂർ നേരത്തേക്ക് തലസ്ഥാന മേഖലയിൽ സ്വകാര്യ വാഹനങ്ങൾക്കോ പൊതുഗതാഗത സംവിധാനങ്ങൾക്കോ വാണിജ്യ വാഹനങ്ങൾക്കോ ഇന്ധനം ലഭിക്കില്ല.
എന്നാൽ, പല മേഖലകളെയും ഗുരുതമായി ബാധിക്കുന്ന ഈ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.