ശങ്കുവിന്റെ ആഗ്രഹം പൂവണിഞ്ഞു ; അങ്കണവാടിയില്‍ ഇനി മുതല്‍ ബിരിയാണിയും പുലാവും
Tuesday, June 3, 2025 4:53 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. മുട്ട, ബിരിയാണി, പുലാവ് തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് പരിഷ്കരണം. ആഴ്ചയിൽ രണ്ട് ദിവസം വീതം നല്‍കിയിരുന്ന പാലും മുട്ടയും മൂന്ന് ദിവസം നല്‍കും.
അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന് ആവശ്യപ്പെട്ട് ശങ്കുവെന്ന വിദ്യാര്‍ഥിയുടെ വീഡിയോ വൈറലായിരുന്നു. തുടർന്ന് മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് മെനു പരിഷ്കരിച്ചത്.
പത്തനംതിട്ടയില്‍ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിൽ മന്ത്രി വീണാ ജോര്‍ജാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങില്‍ മാതൃകാ ഭക്ഷണമെനു മന്ത്രി പ്രകാശനം ചെയ്തു. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവ് കുറച്ചുകൊണ്ടാണ് മെനു പരിഷ്കരിച്ചത്.
പരിഷ്കരിച്ച മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നല്‍കുക. തിങ്കളാഴ്ച ബ്രേക്ക്ഫാസ്റ്റായി പാല്, പിടി, കൊഴുക്കട്ട/ഇലയട എന്നിവ നല്‍കും. ഉച്ചയ്ക്ക് ചോറ്, ചെറുപയര്‍ കറി, ഇലക്കറി, തോരന്‍. പൊതുഭക്ഷണമായി നല്‍കുക ധാന്യം, പരിപ്പ് പായസം എന്നിവയായിരിക്കും.
ചൊവ്വ രാവിലെ ന്യൂടി ലഡു. ഉച്ചയ്ക്ക് മുട്ട ബിരിയാണി/ മുട്ട പുലാവ്, ഫ്രൂട്ട് കപ്പ്. പൊതുഭക്ഷണമായി റാഗി അടയായിരിക്കും നല്‍കുക. ബുധൻ ബ്രേക്ക് ഫാസ്റ്റായി പാല്, പിടി, കൊഴുക്കട്ട/ ഇലയട, കടല മിഠായി എന്നിവ നൽകും.
ഉച്ചയ്ക്ക് പയര്‍ കഞ്ഞി, വെജ് കിഴങ്ങ് കൂട്ടുകറി, സോയ ഡ്രൈ ഫ്രൈ. പൊതുഭക്ഷണമായി നല്‍കുക ഇഡ്ലി, സാമ്പാര്‍, പുട്ട്, ഗ്രീന്‍പീസ് കറി. വ്യാഴം ബ്രേക്ക് ഫാസ്റ്റിന് റാഗി, അരി അട/ ഇലയപ്പം, ഉച്ച ഭക്ഷണം: ചോറ്, മുളപ്പിച്ച ചെറുപയര്‍, ചീരത്തോരന്‍, സാമ്പാര്‍, ഓംലെറ്റ്. പൊതുഭക്ഷണമായി അവല്, ശര്‍ക്കര, പഴം മിക്സ് എന്നിവ നൽകും.
വെള്ളിയാഴ്ച ബ്രേക്ക്ഫാസ്റ്റിനായി പാല്, കൊഴുക്കട്ട, ഉച്ചഭക്ഷണത്തിനായി ചോറ്, ചെറുപയര്‍ കറി, അവിയല്‍, ഇലക്കറി, തോരന്‍. പൊതുഭക്ഷണം: ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച ബ്രേക്ക്ഫാസ്റ്റിനായി ന്യൂട്രി ലഡു, ഉച്ചയ്ക്ക്: വെജിറ്റബിള്‍ പുലാവ്, മുട്ട, റൈത്ത, പൊതുഭക്ഷണം ധാന്യ പായസം.