കാറുകൾ കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്
Tuesday, June 3, 2025 9:31 PM IST
ആലപ്പുഴ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. ആലപ്പുഴ ബൈപ്പാസിലുണ്ടായ അപകടത്തിൽ കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.10ന് ആലപ്പുഴ കടപ്പുറം വനിതാ ശിശു ആശുപത്രിക്ക് സമീപത്തെ ബൈപാസ് മേൽപാലത്തിലായിരുന്നു അപകടം. എതിർദിശയിൽ നിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോയ ക്രെറ്റയും എതിർദിശയിൽ നിന്ന് വന്ന ഫോർച്യൂണറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഫോർച്യൂണറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ക്രെറ്റ കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിയപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.