രാഹുലിനും അഭിമന്യൂ ഈശ്വരനും അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
Monday, June 9, 2025 12:50 AM IST
നോര്താംപ്റ്റണ്: ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ എയ്ക്ക് 21 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 348 റൺസിന് മറുപടി പറഞ്ഞ ലയൺസ് 327ന് എല്ലാവരും പുറത്തായി.
71 റണ്‍സ് നേടിയ എമിലിയോ ഗെയാണ് ടോപ് സ്കോറര്‍. ടോം ഹെയ്നസ് (54), ജോര്‍ദാന്‍ കോക്സ് (45) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാലും അന്‍ഷു കാംബോജ്, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തിൽ 163 റൺസ് നേടി. ഇതോടെ ഇന്ത്യയ്ക്ക് ഇപ്പോൾ 184 റൺസിന്റെ ലീഡായി. അർധ സെഞ്ചുറി നേടിയ കെ.എൽ. രാഹുൽ (51), ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ (80) എന്നിവരുടെ ഇന്നിംഗ്സാണ് ഇന്ത്യ എയ്ക്ക് കരുത്തായത്.
ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ ആറ് റൺസുമായി ധ്രുവ് ജുറേലും ഒരു റൺസുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.