രണ്ടാംദിനവും സ്വർണവില പിടിവിട്ട് താഴേക്ക്; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1,400 രൂപ
Monday, June 9, 2025 12:41 PM IST
കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ചത്തെ കനത്ത ഇടിവിനു പിന്നാലെ ഇന്നും സ്വർണവില താഴേക്ക്. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 71,640 രൂപയിലും ഗ്രാമിന് 8,955 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 20 രൂപ കുറഞ്ഞ് 7,345 രൂപയിലെത്തി.
ഒരാഴ്ചത്തെ കുതിപ്പിനു ശേഷം സ്വര്‍ണവില ശനിയാഴ്ച ഒറ്റയടിക്ക് 1,200 രൂപ താഴ്ന്നിരുന്നു. ഇതോടെ രണ്ടു ദിവസം കൊണ്ട് പവന് 1,400 രൂപയും ഗ്രാമിന് 175 രൂപയുമാണ് കുറഞ്ഞത്.
ഏപ്രിൽ 22ന് ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. തുടർന്ന് സ്വർണവില താഴേക്കിറങ്ങുകയായിരുന്നു.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുമെന്ന ഘട്ടത്തിലാണ് വിലയിലെ ചാഞ്ചാട്ടം.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞവാരം ഔൺസിന് 3,400 ഡോളറിനടുത്തായിരുന്ന രാജ്യാന്തരവില കഴിഞ്ഞദിവസം 3,296 ഡോളർ നിലവാരത്തിലേക്ക് വീണെങ്കിലും ഇപ്പോൾ 3,310 ഡോളറിലേക്ക് തിരിച്ചുകയറിയിട്ടുണ്ട്.
അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 113 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.