പ്ലസ് വണ്‍ ക്ലാസുകൾക്ക് ഇന്നു തുടക്കം; മൂന്നര ലക്ഷത്തോളം വിദ്യാർഥികൾ സ്കൂളുകളിലേക്ക്
Wednesday, June 18, 2025 9:05 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി പ്ലസ് വണ്‍ ക്ലാസുകൾ ഇന്ന് ആരംഭിക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലായി പ്രവേശനം നേടിയ മൂന്നര ലക്ഷത്തോളം വിദ്യാർഥികളാണ് ഇന്ന് സ്കൂളുകളിലേക്ക് എത്തുന്നത്.
ഏകജാലക മെറിറ്റ് സീറ്റിൽ 2,11,785 വിദ്യാർഥികൾ സ്ഥിരപ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടിയ 99,695 വിദ്യാർഥികൾ അവരുടെ പ്രവേശ വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. സ്പോർട്സ് ക്വാട്ടയിൽ 3,428 പേർ സ്ഥിരപ്രവേശനം നേടിയപ്പോൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനായി 1,829 വിദ്യാർഥികളാണുള്ളത്.
കമ്യൂണിറ്റി ക്വാട്ടയിൽ 13,609 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 6,840 വിദ്യാർഥികളും പ്രവേശനം നേടി. അണ് എയ്ഡഡ് പ്രവേശനം നേടിയവർ 3,826 പേരാണ്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ 1,045 വിദ്യാർഥികളും പ്രവേശനം നേടി. എല്ലാ ക്വാട്ടകളിലുമായി 2,40,533 സ്ഥിരപ്രവേശനം നേടി.
1,02,646 വിദ്യാർഥികൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താനുണ്ട്. ഇവ രണ്ടുംകൂടി ചേർക്കുന്പോൾ ഇന്ന് പ്ലസ് വണ്‍ ക്ലാസുകളിലേക്ക് മൂന്നരലക്ഷത്തോളം വിദ്യാർഥികൾ എത്തും. ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി അലോട്ട്മെന്റുകൾ നടത്തി വിദ്യാർഥിപ്രവേശനം പൂർത്തിയാക്കും.