ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക്
Thursday, July 3, 2025 7:18 PM IST
ബര്‍മിംഗ്ഹാം: ശുഭ്മാന്‍ ഗില്ലിന്റെ ഇരട്ട സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 488 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഗില്ലും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ടീമിനെ കൂറ്റൻ സ്കോറിലേക്ക് നയിച്ചത്.
അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനം ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചത്. 218 റൺസോടെ ഗില്ലും, വാഷിംഗ്ടൺ സുന്ദറുമാണ് (23) ക്രീസിൽ. 89 റണ്‍സ് നേടിയ ജഡേജയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലും ഗിൽ സെഞ്ചുറി നേടിയിരുന്നു.
ഇംഗ്ലണ്ടിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റിക്കാർഡ് ഗിൽ മറികടന്നു. 1990 ൽ മാഞ്ചസ്റ്ററിൽ അസ്ഹറുദ്ദീൻ നേടിയ 179 റൺസായിരുന്നു ഇതിന് മുൻപത്തെ മികച്ച സ്കോർ.