പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളജിലേക്ക് വെള്ളിയാഴ്ച മാർച്ച്
Thursday, July 3, 2025 9:20 PM IST
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കോൺഗ്രസ് വെള്ളിയാഴ്ച മാർച്ച് നടത്തും.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് മെഡിക്കൽ കോളജ് കവാടത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, ആന്റോ ആന്റണി എംപി, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ തുടങ്ങിയവർ പങ്കെടുക്കും.
ദാരുണ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. ബിന്ദുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞു.
ബിന്ദുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് ബിന്ദുവിന്റെ മൃതദേഹവുമായി ആംബുലൻസിന് പോകാൻ കഴിഞ്ഞത്.