കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു; അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡോ.ടി.കെ.ജയകുമാര്‍
Thursday, July 3, 2025 10:06 PM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ തെരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാര്‍. കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണ്.
സംഭവസ്ഥലത്ത് എത്തിയപ്പോള്‍ കിട്ടിയ പ്രാഥമിക വിവരം മാത്രമാണ് മന്ത്രിമാര്‍ക്ക് കൈമാറിയത്. ഈ കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിര്‍ത്തിവയ്ക്കുക സാധ്യമായിരുന്നില്ല. കെട്ടിടത്തിലെ ശൗചാലയം ആളുകൾ ഉപയോഗിച്ചിരുന്നു. ഇടയ്ക്ക് പൂട്ടിയിട്ടുവെങ്കിലും രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു.
കെട്ടിടത്തില്‍നിന്നും ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. ബിൽഡിംഗിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു. കഴിഞ്ഞ വർഷമാണ് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും ഡോ.ടി.കെ.ജയകുമാര്‍ പറഞ്ഞു.