ബാങ്കിൽ കത്തിക്കുത്ത്; ജീവനക്കാരിക്ക് പരിക്ക്
Thursday, July 3, 2025 10:35 PM IST
കൊച്ചി: ബാങ്ക് ജീവനക്കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയെ പോലീസ് പിടികൂടി. എറണാകുളം മഞ്ഞുമ്മല്‍ യൂണിയന് ബാങ്കില്‍ നടന്ന സംഭവത്തിൽ പരിക്കേറ്റ ജീവനക്കാരി ഇന്ദുകൃഷ്ണ ആശുപത്രിയിൽ ചികിത്സതേടി.
വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ പ്രതി സെന്തിലിനെ പോലീസ് ചോദ്യം ചെയ്തു വരുകയാണ്. ഇയാൾ ബാങ്കിലെ മുന്‍ ജീവനക്കാരനാണെന്ന് പോലീസ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
യൂണിയന് ബാങ്കിലെ താത്കാലിക ജീവനക്കാരനായിരുന്നു സെന്തില്‍. ഇന്ദുകൃഷ്ണയെ ജോലിയിലേക്ക് എടുത്തതുകൊണ്ടാണ് തനിക്ക് ജോലി നഷ്ടപ്പെട്ടതെന്ന തെറ്റിദ്ധാരണ സെന്തിലിന് ഉണ്ടായിരുന്നു. ഇന്ദുവിനെ ആക്രമിച്ചതിന് പിന്നാലെ സെന്തില്‍ സ്വന്തം ദേഹത്തും കുത്തിപ്പരിക്കേല്‍പ്പിച്ചു.
പിന്നാലെ ബാങ്കിന്റെ സ്റ്റോര്‍ റൂമിനുള്ളില്‍ കയറി വാതില്‍ അടച്ചുപൂട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.