കള്ളക്കേസിൽ തളരില്ല, ഇങ്ങനെയെങ്കില്‍ ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണ്: ചാണ്ടി ഉമ്മന്‍
Friday, July 4, 2025 9:22 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മൃതദേഹവുമായി പോയ ആംബുലന്‍സ് തടഞ്ഞുള്ള പ്രതിഷേധത്തിന് പിന്നാലെ കേസെടുത്തതിൽ പ്രതികരിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. കള്ളക്കേസ് എടുത്തതുകൊണ്ട് തളരില്ലെന്നും ഇതുപോലുള്ള ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
ബിന്ദുവിന്റെ കുടുംബത്തിന് വേണ്ട സഹായം എത്തിക്കണം, കുടുംബത്തിന് ജോലി, 25 ലക്ഷം രൂപ, ചികിത്സാ ചെലവ് എഴുതിത്തള്ളണം എന്നതടക്കം കുടുംബത്തോട് സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്ന് പറയാനായായിരുന്നു ആംബുലന്‍സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ബിന്ദുവിന്റെ ബന്ധുവിനോട് ഒരുവാക്ക് പറഞ്ഞിട്ട് വാഹനം വിടാന്‍ തയാറായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
പോസ്റ്റ്മോർട്ടത്തിനുശേഷം ബിന്ദുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
സംഭവത്തിൽ 30 ഓളം പേർക്കെതിരെയാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ കോളജിലെ പത്ത്, പതിനൊന്ന്, പതിനാലാം വാർഡുകളടങ്ങിയ കെട്ടിടത്തിലെ ശുചിമുറിയുടെ ഭാഗം ഇടിഞ്ഞ് വീഴുന്നത്.