പാലക്കാട് സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് പട്ടികയിൽ
Friday, July 4, 2025 12:16 PM IST
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ്പ ഭീതി. രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള പാലക്കാട് തച്ചനാട്ടുകര നാട്ടുകൽ പാലോട് സ്വദേശിനിക്ക് നിപ്പ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂന വൈറോളജി ലാബിൽ നിന്നുള്ള 38 കാരിയുടെ പരിശോധന ഫലം പോസിറ്റീവായി.
ഇതോടെ, മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുകൽ കിഴക്കുംപറം മേഖലയിലെ മൂന്നു കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
നിപ്പ ബാധ സംശയിച്ചതിനെ തുടർന്ന് അഞ്ചു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെന്റ് സോൺ ആണ്.
നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലാണ് യുവതി. പനിയെത്തുടർന്ന് ഇക്കഴിഞ്ഞ 26ന് യുവതി പാലോടിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നേടിയിരുന്നു. പനി കൂടിയതോടെ 30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.